നീ എഴുതിക്കോ, ഞാൻ നോക്കാം.
നീ എഴുതിക്കോ, ഞാൻ നോക്കാം.
A memory of Prof. K. Alikkutty Musliyar
മൂന്നിയൂർ പാറാക്കാവ് മിഫ്താഹുൽ ഹുദ മദ്രസയുടെ ഗോൾഡൻ ജൂബിലി, ഒരു വർഷം നീണ്ടുനിൽക്കുന്ന 50 കർമ്മപദ്ധതികളോടെയാണ് ആഘോഷിക്കപ്പെട്ടത്. അതിൻ്റെ സമാപന സമ്മേളനം 2019 ഒക്ടോബർ 4 മുതൽ 6 വരെയുള്ള ദിവസങ്ങളിലായിരുന്നു. മദ്രസയുടെ 50 വർഷത്തെ ചരിത്രപശ്ചാത്തലം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു സുവനീർ തയ്യാറാക്കാൻ തീരുമാനിച്ചു. വിനീതനായിരുന്നു അതിൻ്റെ ചീഫ് എഡിറ്റർ.
പൈതൃകം, ജ്ഞാനം, ജ്ഞാനബോധം, ജ്ഞാനമുറ്റം, ഓർമ്മക്കാലം തുടങ്ങിയ അഞ്ചോളം ഭാഗങ്ങളായി തിരിച്ച് തയ്യാറാക്കിയ ആ ഉപഹാരത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ പരിചയപ്പെടുത്തുന്ന ലേഖനം സമസ്ത ജനറൽ സെക്രട്ടറി ശൈഖുന ആലിക്കുട്ടി ഉസ്താദിനെക്കൊണ്ട് എഴുതിക്കാൻ തീരുമാനിച്ചു.
ഞാൻ അന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. ലേഖനം ആസൂത്രണം ചെയ്യാൻ എളുപ്പമാണ്; പക്ഷേ ഉസ്താദിനെ നേരിൽ കണ്ട് അത് എഴുതി വാങ്ങിച്ചെടുക്കാൻ സമയമെടുക്കുമല്ലോ. സമ്മേളനത്തിന് ഇനി രണ്ടാഴ്ച മാത്രമാണ് അവശേഷിക്കുന്നത്.
ഏതായാലും ഉസ്താദിനെ കണ്ട് കാര്യങ്ങൾ അവതരിപ്പിക്കാമെന്ന് കരുതി. ശൈഖുനയുടെ ആദ്യ പീരിയഡ് ബുഖാരി ക്ലാസ് കഴിഞ്ഞപ്പോൾ ഖാദിമീങ്ങൾക്കൊപ്പം (സേവകർക്കൊപ്പം) ഞാനും റൂമിലേക്ക് ചെന്നു. ഉസ്താദിനോട് കാര്യങ്ങൾ അവതരിപ്പിച്ചു.
"എനിക്ക് എഴുതിയുണ്ടാക്കാൻ സമയമില്ലല്ലോ കുട്ട്യാ..." എന്നായിരുന്നു അവിടുത്തെ മറുപടി. "എങ്കിൽ ഉസ്താദ് മുൻപ് എഴുതിയ ഏതെങ്കിലും ലേഖനമായാലും മതി" എന്നായി ഞാൻ.
"സമസ്തയെ പരിചയപ്പെടുത്തുന്ന ലേഖനമല്ലേ വേണ്ടത്?"
തൽക്കാലം "നീ എഴുതിക്കോ, ഞാൻ നോക്കാം" എന്ന് ഉസ്താദ് പറഞ്ഞു. ഞാൻ 'അൽ മുനീർ' സമിതിയിലുള്ള ആളാണെന്ന കൂടെയുള്ളവരുടെ പരിചയപ്പെടുത്തൽ കൂടിയായപ്പോൾ, മറുത്തൊന്നും പറയാനായില്ല. "എങ്കിൽ നീ തന്നെ എഴുതിയാൽ മതി" എന്നായി ശൈഖുന.
അങ്ങനെ രണ്ടുദിവസങ്ങൾ കൊണ്ടുതന്നെ ഞാൻ ലേഖനം തയ്യാറാക്കി. അടുത്ത ദിവസം ശൈഖുനയുടെ അടുത്ത് ചെന്ന് ലേഖനം തയ്യാറായിട്ടുണ്ടെന്ന് പറഞ്ഞു. "എങ്കിൽ നീ വായിച്ചോ, ഞാൻ കേൾക്കാം." ലേഖനം മുഴുവനായി വായിച്ചു കേൾപ്പിച്ചു. അവിടുന്ന് അത് ശ്രദ്ധാപൂർവ്വം കേട്ടു. അൽഹംദുലില്ലാഹ്, തിരുത്തലുകൾ ഒന്നും ആവശ്യപ്പെട്ടില്ല.
വായനയ്ക്ക് ശേഷം അവിടുന്ന് പറഞ്ഞു: "സുവനീർ പ്രിൻ്റ് ചെയ്തതിനുശേഷം എനിക്കും വേണം ഒരു കോപ്പി. ഇനി ആരെങ്കിലും ലേഖനം ആവശ്യപ്പെട്ടാൽ അവർക്കും കൊടുക്കാമല്ലോ."
സമ്മേളനത്തിനു ശേഷം 3 കോപ്പികൾ ഉസ്താദിന് സമർപ്പിച്ചു.
അവിടുന്ന് നൽകിയ ആശീർവാദം കൊണ്ടാകണം, അടുത്തവർഷം അൽ മുനീർ ചീഫ് എഡിറ്ററായി ഉസ്താദുമാർ വിനീതനെത്തന്നെ തിരഞ്ഞെടുക്കുകയും '2020 അൽ മുനീർ' "ഇസ്ലാമിക ഖിലാഫത്ത്" എന്ന ശീർഷകത്തിൽ പുറത്തിറക്കുകയും 2020 ജനുവരി 16 ന് നടന്ന ജാമിഅ: നൂരിയ്യ: സമാപന സമ്മേളന വേദിയിൽ വച്ച് അൽ മുനീർ പരിചയപ്പെടുത്തുകയും ചെയ്തു.
Written By
JAVAD SIDHEEQI FAIZY MOONNIYUR
Malappuram
ഈ കുറിപ്പ് തയ്യാറാക്കിയത് Malappuram-ൽ നിന്നുള്ള JAVAD SIDHEEQI FAIZY MOONNIYUR ആണ്. മർഹൂം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുമായുള്ള അനുഭവങ്ങളും ഓർമ്മകളും അവർ ഈ കുറിപ്പിലൂടെ പങ്കുവെക്കുന്നു.
