Enable audio notifications
Khatmul Quran Logo

ഉസ്താദിന്റെ അൻവാറും മറക്കാനാവാത്ത ഓർമ്മകളു.

July 26, 2026

ഉസ്താദിന്റെ അൻവാറും മറക്കാനാവാത്ത ഓർമ്മകളു.

A memory of Prof. K. Alikkutty Musliyar

Written By
അബ്ദുൽ ഹകീം ടി.പി.കെ
Swipe up or tap link to read
quran.digibayt.com

ആദരണീയനായ ഉസ്താദ് ജീവിതത്തോട് യാത്ര പറഞ്ഞു പോയിട്ട് ഇന്നേക്ക് മൂന്ന് നാൾ.

ഉസ്താദ് നട്ടുവളർത്തിയ “അൻവാറി”ൽ ഉസ്താദ് കിടക്കുന്നത് കണ്ടു.

അവസാനമായി അനേകായിരം ശിഷ്യന്മാരും സ്നേഹ ജനങ്ങളും 

അവിടെ വന്നു യാത്ര പറഞ്ഞു.

അങ്ങനെ അൻവാറിന്റെ മുറ്റത്തെ തിരക്കുകളും ഒഴിഞ്ഞു.

പക്ഷേ,  ആ ഓർമ്മകൾ അവിടെയുണ്ട്.

ഇനി, ദേശീയപാതക്കരികിലെ പള്ളിയുടെ 

പ്രവേശന കാവടത്തിനു സമീപം ഉസ്താദ് അന്ത്യ വിശ്രമത്തിലാണ്.

ആ പള്ളിയും അൻവാറും നൽകുന്ന ഒട്ടേറെ ഓർമ്മകളുണ്ട്. ആ ഓർമ്മകൾ വർഷങ്ങൾക്ക് മുമ്പേയുള്ള ജീവിതത്തിലേക്ക് മനസിനെ കൊണ്ടുപോയി.

പ്രിയപ്പെട്ട ഉസ്താദിന്റെ രാവിലത്തെ എഴുന്നേൽക്കൽ മുതൽ ആരംഭിക്കുന്ന കൃത്യമായ ചില ചിട്ടകളുണ്ട്.

“ജാമിഅ”യിലേക്ക് പോകാനായി ഇംഗ്ലീഷ് പത്രം വായിച്ചു കൊണ്ട് ലൈൻ ബസ്  കാത്ത് നിൽക്കുന്നതും,നടന്നു പോവുന്നവരോട് സ്‌നേഹന്വഷണം പറയുന്നതും, പിന്നെ അനുജൻ മമ്മത് ഫൈസിയുടെ വീട്ടിൽ പോയി സംഘടനാ കാര്യങ്ങളും കുടുംബപരമായ വിഷയങ്ങളും ചർച്ച ചെയ്ത്, ചായ കുടിച്ച് വർത്തമാനം പറഞ്ഞ് ഇറങ്ങുന്നതും ഞങ്ങൾക്ക് ഒരു പതിവ് കാഴ്ചയായിരുന്നു.

ഓരോ വെള്ളിയാഴ്ചയിലെയും ഖുതുബയെക്കുറിച്ച് ഓർക്കുമ്പോൾ ഉസ്താദിന്റെ രൂപം എപ്പോഴും മനസ്സിലേക്ക് വരും. ഇളം മഞ്ഞ നിറത്തിലുള്ള വലിയൊരു തലപ്പാവ്. അത് പ്രത്യേക ശൈലിയിൽ മനോഹരമായ രീതിയിൽ കെട്ടിയാണ് ഉസ്താദ് ഖുത്വബ നിർവഹിക്കുക. ഹൃസ്വമായ ആ ഖുതുബയിൽ എപ്പോഴും സ്ഥിരമായി ഉപയോഗിക്കാറുള്ള ചില പ്രത്യേക പ്രാർത്ഥനകളും ഉണ്ടായിരുന്നു.

വർഷങ്ങളോളം പിതാവ് മൂസ മൊല്ലാക്ക ആയിരുന്നു  ഉസ്താദ് ഖുതുബ നിർവഹിച്ച തിരൂർകാട് പള്ളിയിൽ മ ആ ഷിറ വിളിച്ചത്. 

“ജാമിഅ“യിൽ പോയി ക്ലാസുകൾ എടുക്കുന്നതിനൊപ്പം മത സാമൂഹിക സാഹിത്യ മേഖലകളിൽ ഉസ്താദിന്റെ അടയാളപ്പെടുത്തലുകൾ ഉണ്ടായി.

ഉസ്താദിന്റെ നേരിട്ടുള്ള ഇടപെടലുകളിൽ വളരുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിശബ്ദമായ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പ്രാപ്തരായ തലമുറകളെ സമൂഹത്തിന് സമർപ്പിക്കുകയും ചെയ്ത “അൻവാർ ” ഉസ്താദിന്റെ ജ്വലിക്കുന്ന ഒരു ഓർമ്മയായി നില നിൽക്കും.

പലപ്പോഴും “ജാമിഅ“യിലെ പ്രമുഖരായ റാങ്ക് ഹോൾഡർമാരെയും പ്രഗത്ഭരായ പണ്ഡിതരെയും അൻവാറിലേക്ക് കൊണ്ടുവരികയും അവർക്ക് അവിടെ ജോലി നൽകുകയും ചെയ്ത് അവരുടെ അറിവും കഴിവും തന്റെ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് ഉപകരിക്കാൻ ഉസ്താദ് ശ്രദ്ധിക്കുമായിരുന്നു.

അറബിക് കോളേജിലെ വിദ്യാർത്ഥികൾക്ക് അറബിക് എഴുത്തിലെ വ്യത്യസ്തകൾ പഠിപ്പിക്കാനും പരിശീലനം നൽകാനും ഉസ്താദ് പ്രത്യേകം താല്പര്യം പ്രകടിപ്പിച്ചിരുന്നു.

ഉസ്താദിന്റെ വിശാലമായ കാഴ്ചപ്പാടുകളും അന്തർദേശീയ ബന്ധങ്ങളും സ്ഥാപനത്തിലെ വിദ്യാർത്ഥികളുടെ വളർച്ചക്ക് വേണ്ടി ഉപയോഗപ്പെടുത്തിയതിന്റെ ഗുണങ്ങൾ അവിടെ പഠിച്ച ഓരോ വിദ്യാർത്ഥികളും ജീവിതത്തിൽ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നു.

ജീവിതത്തിന്റെ നാൾവഴിയിൽ,

ഓരോ ഉയർച്ച താഴ്ചകളിൽ ഉപദേശം കൊണ്ടും പ്രാർത്ഥനകൾ കൊണ്ടും കരുത്ത് പകർന്ന ഉസ്താദിനോടുള്ള ബന്ധങ്ങൾ അക്ഷരങ്ങൾ കൊണ്ട് 

പൂർത്തിയാക്കാൻ കഴിയില്ല.

"അൻവാർ" ജീവിതത്തിൽ പലപ്പോഴായി ഉസ്താദുമായി ബന്ധപ്പെടാനും കൂടുതൽ ഇടപഴകാനും ഉണ്ടായ അവസരങ്ങളുണ്ടായി.

2003-ൽ ഉസ്താദ് ചീഫ് എഡിറ്ററായ ഡാറ്റാ നെറ്റ് പുറത്തിറക്കിയ 'മുസ്ലിം ലോകം' എന്ന പുസ്തകത്തിന്റെ പ്രവർത്തനങ്ങളുമായി ബോംബെയിലേക്ക് ഒരു യാത്ര ഉണ്ടായിരുന്നു. ബോംബെയിലെ ഖുവ്വത്തുൽ ഇസ്ലാം അറബിക് കോളേജ് അടക്കമുള്ള നമ്മുടെ സെന്ററുകളും പ്രധാനപ്പെട്ട വ്യക്തികളുടെ അടുത്തേക്കുമാണ് ഉസ്താദ് പറഞ്ഞയച്ചത്. റഷീദ് ഫൈസി നാട്ടുകലും ഉണ്ടായിരുന്നു. ജീവിതനുഭവങ്ങൾക്ക് ഏറെ പാഠങ്ങൾ നൽകിയതായിരുന്നു ആ യാത്ര.

അൻവാറിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത കാലഘട്ടങ്ങളിൽ ഉസ്താദിന്റെ പല പ്രോഗ്രാമുകൾക്കും ഉസ്താദിന്റെ കൂടെ പോയതൊക്കെ ഓരോ ഓർമ്മകളായി നില നിൽക്കുന്നു.

എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ സലീം കുന്നപ്പള്ളി ആയിരുന്നു ഉസ്താദിന്റെ ഏറ്റവും പ്രിയപ്പെട്ട അന്നത്തെ ഡ്രൈവർ.

വർഷങ്ങൾക്ക് മുമ്പൊരു ചെമ്മാട് ദാറുൽ ഹുദായുടെ സനദ് ദാന സമ്മേളനത്തിന്റെ സമാപന സെഷനിൽ പങ്കെടുക്കാൻ ഉസ്താദുമായി  അൻവറിന്റെ  ജീപ്പിൽ തിരൂർക്കാട് നിന്ന് പുറപ്പെടുകയും, അതേ വാഹനത്തിൽ കോട്ടുമല കോംപ്ലക്സിന്റെ പിറകുവശത്തുള്ള വീട്ടിൽ നിന്ന് മർഹൂം കാളമ്പാടി ഉസ്താദിനെ കയറ്റണം എന്ന് പറയുകയും, കാളമ്പാടി ഉസ്താദിനെ അവിടുന്ന് വാഹനത്തിൽ കയറ്റി ദാറുൽ ഹുദായിലേക്ക് പോയതും പോവുന്ന വഴിയിൽ ടയർ പഞ്ചറായി റോഡരികിൽ നിന്നുകൊണ്ട് ടയർ ശരിയാക്കിയതുമൊക്കെ ഇന്നലെ കഴിഞ്ഞ പോലെ ഓർമ്മകളായി നില നിൽക്കുന്നു. ഈ  യാത്രകളിലും മറ്റു സംസാരങ്ങളിലും തമാശകൾ പറഞ്ഞും കേട്ടും ഞങ്ങളുടെ കൂടെ ഒരാളായിതീർന്ന നിഷ്കളങ്കനായ ഒരു നേതാവിനെ അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഉന്നതമായ സ്ഥാനങ്ങളിൽ നേതൃത്വം കൊണ്ട് മനോഹാരിത തീർക്കുമ്പോഴും ഞങ്ങൾ വിദ്യാർത്ഥികളോട് അടുത്ത് ഇടപെട്ടു അറിവുകൾ പകർന്ന ഒരു മാതൃകാ അധ്യാപകനെ ഉസ്താദിൽ കാണാം. ആ ധന്യ ജീവിതം ഇനി ഓർമ്മകൾ മാത്രം.

പ്രാർത്ഥനകൾ കൊണ്ടും, ഉസ്താദിന്റെ പ്രവർത്തനങ്ങളുടെ തുടർച്ചകൾക്ക് വേണ്ടി പ്രവർത്തിച്ചു  കൊണ്ടും ഉസ്താദിനോടുള്ള കടപ്പാടുകൾ തീർക്കാം നമുക്ക്. 

നാഥൻ അനുഗ്രഹിക്കട്ടെ...

✍️അബ്ദുൽ ഹകീം ടി പി കെ


അഹ

Written By

അബ്ദുൽ ഹകീം ടി.പി.കെ

Sharjah, UAE

ഈ കുറിപ്പ് തയ്യാറാക്കിയത് Sharjah, UAE-ൽ നിന്നുള്ള അബ്ദുൽ ഹകീം ടി.പി.കെ ആണ്. മർഹൂം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുമായുള്ള അനുഭവങ്ങളും ഓർമ്മകളും അവർ ഈ കുറിപ്പിലൂടെ പങ്കുവെക്കുന്നു.